മട്ടന്നൂർ: നരയമ്പാറയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ചു തീപിടിച്ച് യാത്രികന് ദാരുണാന്ത്യം. പെരിങ്ങത്തൂർ കരിയാട് പുളിയനമ്പ്രത്തെ റഹ്മ (വലിയകാട്ടിൽ) ഹൗസിൽ മുഹമ്മദ് തസ്ലീം (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ മട്ടന്നൂർ -ഇരിട്ടി റോഡിൽ നരയമ്പാറ പെട്രോൾ പമ്പിന് മുന്നിലായി രുന്നു അപകടം.
ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് റോഡരികിലെ വൈദ്യുത തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത കമ്പികൾ കൂട്ടിയിടിച്ചു കത്തുകയും ബൈക്കിന് തീപിടിക്കുകയുമായിരുന്നു. ബൈക്ക് സമീപത്തെ ഡ്രെയ്നേജിലേക്ക് വീഴുകയും ചെയ്തു. യുവാവ് എഴുന്നേൽക്കാനാകാതെ ഡ്രെയ്നേജിലും ബൈക്കിനുമിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. സമീപവാസികൾ വെള്ളം ഒഴിച്ച് തീ കെടുത്തിയാണ് തസ്ലീമിനെ ഡ്രെയ്നേജിൽ നിന്ന് പുറത്തെടുത്തത്.
ശരീരമാസകലം പൊള്ളലേറ്റ തസ്ലിമിനെ ഉടൻ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ തകർന്നു. ബൈക്കിലുണ്ടായിരുന്ന തുണികളടക്കമുള്ള സാധനങ്ങൾ കത്തി നശിച്ചു. വൈദ്യുത തൂണിലിടിച്ചപ്പോൾ ബൈക്കിലെ പെട്രോൾ ലീക്കായതായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് അവധിയെടുത്ത് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മട്ടന്നൂരിൽ നിന്ന് അഗ്നിരക്ഷാ വിഭാഗവും മട്ടന്നൂർ എസ്ഐ നൗഷാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു.
മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.പുളിയനമ്പ്രത്തെ കെ.കെ. റഹീം-കെ.പി. സുഹറ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: തസ്കീം, റഹ്ന, സഫ്നാസ്.
ഞെട്ടൽ മാറാതെ നാട്ടുകാർ
മട്ടന്നൂർ: ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശവാസികൾ കാണുന്നത് വൈദ്യുത തൂണിനു സമീപം തീയാളി കത്തുന്നതാണ്. ശ്രദ്ധിച്ചപ്പോഴാണ് കത്തുന്ന ബൈക്കും കുടുങ്ങിക്കിടക്കുന്ന യാത്രികനെയും കാണുന്നത്. ബംഗളൂരൂവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് തസ്ലീം അവധി ആഘോഷിക്കാനായി നാട്ടിലേക്ക് വരുന്നതിനിടയിലായിരുന്നു ദുരന്തം.
ബൈക്ക് കത്തുമ്പോൾ യുവാവിന് എഴുന്നേൽക്കാൻ കഴിയാതെ വന്നതാണ് പൊള്ളലേൽക്കാനിടയായത്. ഇടിയുടെ ആഘാതത്തിൽ കോൺക്രീറ്റ് വൈദ്യുത തൂണിന്റെ അടിഭാഗം തകർന്നു. കമ്പി പൊട്ടി വീഴാൻ സാധ്യതയുള്ളതി നാൽ സമീപത്തു നിൽക്കാൻ ആളുകളെ പോലീസ് അനുവദിച്ചില്ല. അപകടവിവരമറിഞ്ഞു നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തിയത്.